ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഒളിഞ്ഞു കണ്ടത്

തിരക്കു പിടിച്ച ചുട്ടു പൊള്ളുന്ന ഒരു മധ്യാഹ്നം. കായല്‍ പരപ്പിനോട് ചേര്‍ന്ന് ആളുകളുടെ കാപട്യങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ കഷ്ട്ടപെടുന്ന മറൈന്‍ ഡ്രൈവ്. ഹോട്ടല്‍ സമുച്ചയങ്ങളില്‍ നിന്ന് മാറി കായലിനു അഭിമുഖമായി ആളുകള്‍ക്ക് വിശ്രമിക്കാന്‍ പാകത്തില്‍ സ്ഥാപിച്ചിട്ടുള്ള സിമെന്റു കൊണ്ട് നിര്‍മ്മിതമായ ഇരിപ്പടങ്ങള്‍....
ആളുകള്‍ ലക്ഷ്യമില്ലാതെ നടക്കുന്നു.'

വിവിധ തരം ആളുകള്‍. . കച്ചവടക്കാര്‍.
ഹണിമൂണ്‍ ആഘോഷിക്കുനവര്‍ വാച്ച് വില്‍പ്പനക്കാരന്‍ കൈനോട്ടക്കാരന്‍, കാമുകി കാമുകന്മാര്‍ , അസാധാരണമായ കണ്ടുമുട്ടലുകള്‍ക്കായി എത്തുന്നവര്‍ , ഒരു പണിയും ഇല്ലാത്തവര്‍ , പോക്കറ്റടിക്കാര്‍ ,അങ്ങനെ അസംഖ്യം മനുഷ്യര്‍.

അവര്‍ക്കിടയിലോടെയാണ് ഒരു ബംഗാളി പെണ്‍കുട്ടി ഒരു കൂട്ടം
ബലൂണുകളുമായി വില്‍പ്പന ലക്ഷ്യമാക്കി നടപ്പാതയിലൂടെ നടന്നു നിങ്ങിയത്. ഭക്ഷണത്തിന് ഒരു വക തേടി ഇറങ്ങിയ ഒരു പാവം .സഹതാപം എന്ന വില കുറഞ്ഞ വികാര വായ്പ്പ് പോലും പ്രകടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല .

നിര്‍ഭാഗ്യത്തിന്റെ കണികകള്‍ ലോകത്തെങ്ങും വ്യാപിച്ചു കിടക്കുന്ന കാര്യം ദൈവത്തിനും അറിയുന്നതാണല്ലോ...?

കായലില്‍ കുറച്ചകലെയായി നങ്കുരമിട്ടിരിക്കുന്ന ഒരു കപ്പല്‍ കാണാം. ആ കപ്പല്‍ തിരകളില്‍ ചെറുതായി ഒന്നുലഞ്ഞപ്പോള്‍
ഒരു യുവാവും യുവതിയും ആദ്യമായി കണ്ടുമുട്ടുന്ന ജാള്യതയുടെ പാരമ്യത്തില്‍ പൊടിഞ്ഞ വിയര്‍പ്പിന്റെ അസ്വസ്തയില്‍ മരത്തണലില്‍ ഇരുന്നു.യുവാവിന്റെ മുഖത്ത് പരിഭ്രമം പടര്‍ന്നിരുന്നു.യുവതി ചുണ്ടുകളില്‍ വരുത്താന്‍ ദീര്‍ഘ നേരം പരിശ്രമിച്ച ചിരിയെ ആദ്യം കവിളിലേക്കും മെല്ലേ നെറ്റിയില്ലെകും വ്യാപിപ്പിക്കാന്‍ പാട്പെടുന്നുണ്ടായിരുന്നു.
ദൂരെ മാറി ചെക്കോവിന്റെ നാടകങ്ങള്‍ തന്‍റെ താണ് എന്ന് അവകാശപ്പെട്ടു വില്‍ക്കാന്‍ ശ്രമിച്ച ഒരു നാടകക്കാരന്‍ യുവാവിന്‍റെ ചുണ്ട് അനങ്ങുന്നതും നോക്കി ഏകാഗ്രനായി ഇരുന്നു.

കാറ്റും ഓളങ്ങളും കൈ നോട്ടക്കാരന്‍റെ കൌശലം കലര്‍ന വാക്ക് ചാതുരിയുടെ ശകലങ്ങളും കാക്കകളുടെ കലപില ശബ്ദവും അലിഞ്ഞു ഇല്ലാതായപ്പോള്‍ യുവാവിന്‍റെ ശബ്ദം നാടകക്കാരന്‍റെ ചെവിയിലും എത്തി.

യുവാവ്‌ സ്വയം വിശദീകരിക്കുകയാണ്. അയാള്‍ കായലിനെ പറ്റിയും ഫോര്‍ട്ട്‌ കൊച്ചിയില്‍ കിട്ടുന്ന രുചിയേറിയ മീന്‍ വിഭവങ്ങളെക്കുറിച്ചും കടലോരത്തെ തുറന്ന വിശാലമായ
മണ്‍ തിട്ടകളില്‍ ഓലക്കുടയുടെ ചോട്ടില്‍ മെഴുകിതിരി വെളിച്ചത്തില്‍ സുഗന്ധം പരക്കുന്ന എണ്ണയില്‍ കുതിര്‍ന്ന വാഴയിലയില്‍ കിടന്നു അനന്തയില്ലേക്ക് നോക്കുന്ന പൊരിച്ചു വച്ച കരി മീനിന്‍റെ കണ്ണുകളില്‍ ജീവിതത്തില്‍ ഉടനീളം നിഴലിച്ച
വിഷാദത്മകതയെ പറ്റിയും അയാള്‍ സംസാരിച്ചു.

ആ യുവതിയുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ ആദ്യമായി കാണുന്നവര്‍ ആണെന്നും വിവാഹലോചാനയുടെ പ്രാരംഭ നടപടികളുടെ തികച്ചും പുതുമയാര്‍ന്ന ആവിഷ്കാരമാണ് എന്നും മനസിലാക്കാന്‍ ചെക്കോവിന്റെ മോഷ്ടാവിനു നിമിഷങ്ങള്‍ വേണ്ടി വന്നു.

നാടകക്കാരന്‍ മനസിലോര്‍ത്തു .അയാള്‍ വിചിത്രനായ ഒരു മണ്ടനാണ്.ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഇത്തരം അവസരങ്ങളില്‍ (ചിലര്‍ക്ക് ഒരിക്കലും) ഒരു നിമിഷത്തില്‍ കൂടുതല്‍ ദൈര്ഘ്യമുള്ള മടുപ്പുളവാക്കുന്ന വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് അറിഞ്ഞുകൂടെ?

യുവാവിനോട് നടകക്കാരന് സഹാതാപം തോന്നി. ചെക്കോവ് എന്താണ് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹഹഹ ഹിഹിഹി എന്ന് പറയുന്ന ,മനസിലാക്കാന്‍ എളുപ്പമുള്ള തമാശകള്‍ പറയുന്ന ,തങ്ങളെ കളിയാക്കുമെങ്കിലും ഉള്ളില്‍ ബഹുമാനിക്കുന്ന ,പുകഴ്ത്താന്‍ വാക്കുകള്‍ക്ക് ദാരിദ്ര്യം ഇല്ലാത്ത , കേള്‍ക്കാന്‍ മനസ്ഥിതിയുള്ള ,തങ്ങളുടെ സങ്കല്‍പ്പ
വ്യക്തികളെയാണ് ഇഷ്ടം.അല്ലാതെ ഭുമി എങ്ങനെ തിരിയുന്നു വെന്നും കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിരിഞ്ഞു കറങ്ങുമോ എന്നും വിശദീകരിക്കുന്ന ബോറന്മാരെ അവര്‍ക്ക് വേണ്ട.

ഒരു പെണ്കുട്ടിക്ക് പത്തു മിനുട്ട് നേരം കൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റുമെന്നാണ് ഒര്‍ഹാന്‍ പാമുക്ക് പറഞ്ഞിട്ടുള്ളത്.

ആ നിലക്ക് യുവാവിന്‍റെ ഭാവി കൈനോട്ടക്കരനോഴികെ ബാക്കി എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. പ്രപഞ്ചത്തില്‍ ഒരു നക്ഷത്രം പൊട്ടി തെറിച്ച ആ മാത്രയില്‍ ബലൂണ്‍ വില്‍പ്പനക്ക് ഇറങ്ങിയ പെണ്‍കുട്ടി യുവാവിന്‍റെ അടുക്കല്‍ എത്തി.ബലൂണ്‍ വാങ്ങിക്കു . ഭക്ഷണം കഴിചിട്ടില്ല എന്ന് അവള്‍വയറില്‍ തൊട്ടു കാണിച്ചു. അവളുടെ കണ്ണുകള്‍ ഇടുങ്ങുകയും ചുണ്ട് യാചനാ ഭാവം കൈവരിക്കുകയും ചെയ്തു.

അയാള്‍ ബലൂണ്‍ വാങ്ങി. എത്ര രൂപയാണ്.

ബീസ്.

ഇരുപതു രൂപയോ ..അയാള്‍ കുറച്ചു ഉറക്കെ ചോദിച്ചു .എന്നാല്‍ വേണ്ട.
കുട്ടി ശാട്യം പിടിച്ചു .ഖരീധോ ബയ്യ. ഖരീധോ ബയ്യ. .

എന്‍റെ കയ്യില്‍ ചില്ലറ ഇല്ല .നൂറു രൂപയാണ് .അയാള്‍ പറഞ്ഞു.

നോക്ക് ബയ്യ ഉണ്ടാവും.അയാള്‍ പേഴ്സ് മുഴുവന്‍ തിരഞ്ഞു ഏഴു രൂപ കുറവുണ്ട്. അയാള്‍ യുവതിയോട് ചോദിച്ചു.

ഒരു ഏഴു രൂപ ഉണ്ടോ.

അവള്‍ക്കു കായലില്‍ ചാടി ദൂരെ മറയുന്ന കപ്പലില്‍ കയറി വല്ല വിധേനയും വീട്ടില്‍ എത്തിയാല്‍ മതി എന്നായി.യുവതിയുടെ മുഖത്തെ ചിരി മാഞ്ഞു.അവള്‍ തന്‍റെ പേഴ്സ് നോക്കി ഇല്ല എന്ന മട്ടില്‍ തലയാട്ടി.

അയാള്‍ നൂറു രൂപ പെണ്‍കുട്ടിക്ക് കൊടുത്തു.

എന്തു കൊണ്ടായിരിക്കും അയാള്‍ അങ്ങനെ ചെയ്തത് ഉത്തരമില്ല.ആ പെണ്‍കുട്ടി ആളുകളുടെ ഇടയില്ലേക്ക് മാഞ്ഞു.യുവതി അയാളോട് ചോദിച്ചു.നിങ്ങള്‍ എന്തിനാണ് പണം കൊടുത്തത്.

ഇത്തരക്കാര്‍....

ആ കുട്ടി ഇനി വരാനൊന്നും പോകുന്നില്ല.
ഞാന്‍ പോവട്ടേ .ഇനി ഒന്നും ചോദിക്കാന്‍ ഇല്ലാലോ.

യുവതി നടന്നു ആള്‍ക്കുട്ടത്തില്‍ ഒരാളായി. യുവാവ്‌ ബലൂണ്മായി മരച്ചുവട്ടില്‍ ഇരുന്ന്‍ തന്‍റെ ബുദ്ധിശുന്യതയുടെ വ്യാപ്തി ഓര്‍ത്തു വിസ്മയിക്കവേ കയ്യില്‍ ചുരുട്ടി പിടിച്ച നോട്ടുകളുമായി ആ പെണ്‍കുട്ടി തിരിച്ചു വന്നു. അവള്‍ പണം യുവാവിനു നല്‍കി .അയാള്‍ ഇരുപതു രൂപ അവള്‍ക്കും.

അവള്‍ നിറഞ്ഞ മനസോടെ ചിരിച്ചു.

ദൂരെ മറഞ്ഞ കപ്പലില്‍ നിന്നും ആരോ നേരം പോക്കാന്‍ ഇട്ട ഒരു ചൂണ്ടയില്‍ ആര്‍ത്തിയോടെ തൊണ്ട കുളത്തിയ ഒരു മീനിനു തന്‍റെ അച്ഛന് ജീവന്‍ നഷ്ടമായത് എപ്രകരമാണെന്ന് ബോധ്യമായതും ബലൂണ്‍ ഒരു വലിയ ശബ്ദത്തോടെ പൊട്ടിയതും ഒരുമിച്ചായിരുന്നു. വിഷാദത്തോടെ നിന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ പറഞ്ഞു മോള് പേടിക്കണ്ട.ഞാന്‍ പണം തിരികെ ചോദിക്കില്ല ..

ഇതു കണ്ട മാത്രയില്‍ നാടകക്കാരന്‍ ചെക്കൊവിനെ മാറ്റി വച്ച് തന്‍റെ ആദ്യ നാടകത്തിനു പേരിട്ടു.

ഒളിഞ്ഞു കണ്ടത്...

അഭിപ്രായങ്ങളൊന്നുമില്ല: